സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്‍റെ ഒന്‍പതാം പരീക്ഷണപ്പറക്കല്‍ ഭാഗികവിജയം. മുന്‍ ദൗത്യങ്ങളെക്കാള്‍ കൂടുതല്‍ ദൂരം പിന്നിട്ടെങ്കിലും പൂര്‍ണവിജയം കൈവരിച്ചില്ല. ഒന്നാംഘട്ട റോക്കറ്റ് സ്റ്റാർഷിപ് പേടകത്തിൽ നിന്ന് വേർപെട്ട് മടക്കയാത്ര നടത്തി. എന്നാല്‍ നിയന്ത്രിതമായി കടലില്‍ ഇറക്കുന്നത് വിജയിച്ചില്ല. സ്റ്റാര്‍ഷിപ്പ് പേടകം ഉപഭ്രമണപഥത്തിലെത്തിയെങ്കിലും പേലാഡ് വാതില്‍ തുറന്നില്ല.

അതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ പുറത്തുവിടാനായില്ല.ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ഈ വർഷത്തെ ആദ്യരണ്ട് പരീക്ഷണപ്പറക്കലിലും പരാജയമായിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണു സ്പേസ് എക്സ്.

ഈ വർഷം ജനുവരിയിലും മാര്‍ച്ചിലും നടന്ന പരീക്ഷണങ്ങള്‍ പരാജയമായിരുന്നു.ഉപഗ്രഹങ്ങളും ടെലിസ്കോപ്പുകളും കൂട്ടമായി ബഹിരാകാശത്തെത്തിക്കാനും ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ ആളുകളെ എത്തിക്കാനും ശേഷിയുള്ളതാണു സ്റ്റാർഷിപ്. അതിനാൽ ഭാവിയുടെ വാഹനമായി ഇതു കരുതപ്പെടുന്നു.

നാസ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ പദ്ധതിയിടുന്ന ആർട്ടിമിസ്, ബഹിരാകാശ മാലിന്യം വൃത്തിയാക്കുന്ന ദൗത്യം എന്നിവയിൽ ഈ റോക്കറ്റ് നിർണായകമായേക്കും. കഴിഞ്ഞ ജൂണിൽ നടന്ന നാലാം പരീക്ഷണപ്പറക്കലിലാണ് സ്റ്റാർഷിപ് ആദ്യമായി വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *