മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഫൈനലിലെത്തിയതിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ആരാധകർ. പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ആർസിബി ഫൈനലിലെത്തിയത്.
പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങിനിടെ മുഷീർ ഖാനെ ‘വാട്ടർ ബോയ്’ എന്നു വിളിച്ച് കോലി അപമാനിച്ചെന്നാണു ആരാധകരുടെ പരാതി. കുറച്ചു ഓവറുകൾക്കു മുൻപ് താരങ്ങൾക്ക്”വെള്ളം കൊടുക്കാൻ ഗ്രൗണ്ടിലെത്തിയ മുഷീർ, തൊട്ടുപിന്നാലെ ഇംപാക്ട് സബ്ബായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു.
“ഫീൽഡിങ്ങിനിടെ ഇതു ചൂണ്ടിക്കാട്ടിയ കോലി മുഷീറിനെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചതായി ഒരു വിഭാഗം ആരാധകർ ആരോപിച്ചു. എന്നാൽ സഹോദരനെപ്പോലെ കാണുന്ന മുഷീർ ഖാനെ കോലിക്ക് കളിയാക്കാനുള്ള അവകാശമുണ്ടെന്നാണു ഇതിനെതിരെ ഉയർന്ന മറുവാദം. മുഷീറിന്റെ ബാറ്റിങ്ങിനെ കോലി സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംഭവത്തില്‍ കോലിയും മുഷീർ ഖാനും ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരനായ മുഷീർ ഖാന് ആർസിബിക്കെതിരായ ഒന്നാം ക്വാളിഫയറിലാണ് ഐപിഎൽ അരങ്ങേറ്റ മത്സരം കളിച്ചത്.
ബാറ്റിങ് പ്രതിഭകൾ തിങ്ങിനിറഞ്ഞ പഞ്ചാബ് പ്ലേയിങ് ഇലവനിൽ യുവതാരത്തിന് അവസരം ലഭിച്ചിരുന്നില്ല. ബെംഗളൂരുവിനെതിരെ പഞ്ചാബ് ബാറ്റർമാര്‍ പതറിയതോടെ പകരക്കാരനായി മുഷീർ ഇറങ്ങുകയായിരുന്നു.