ബര്‍മിംഗ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 238 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ചോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 26.2 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

രണ്ടാം ഏകദിനം ഞായറാഴ്ച കാര്‍ഡിഫില്‍ നടക്കും.ടോസ് നഷ്ടമായി ആദ്യം ചെയ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഒരു താരം പോലും സെഞ്ചുറി നേടാതിരുന്നിട്ടും ആതിഥേയര്‍ 400 റണ്‍സടിച്ചു. ആറാമനായി ക്രീസിലെത്തി 53 പന്തില്‍ 82 റണ്‍സടിച്ച ആര്‍സിബി താരം ജേക്കബ് ബേഥലായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ഓപ്പണര്‍ ബെന്‍ ഡക്കറ്റ്(48 പന്തില്‍ 60), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്(45 പന്തില്‍ 58), ജോ റൂട്ട്(65 പന്തില്‍ 57) എന്നിവരും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയപ്പോള്‍ ജാമി സ്മിത്ത്(24 പന്തില്‍ 37), ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍(32 പന്തില്‍ 37), മുംബൈ ഇന്ത്യൻസ് താരം വില്‍ ജാക്സ്(24 പന്തില്‍ 39) എന്നിവരും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ചു.

ബാറ്റിംഗ് നിരയിലെ ആദ്യ എട്ടുപേരും 30 റണ്‍സ് പിന്നിട്ടുവെന്നതും ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ സവിശേഷതയായി.ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ എട്ട് ബാറ്റര്‍മാരും 30 റണ്‍സ് പിന്നിടുന്നത്മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസിനായി 11ാംമനായി ക്രീസിലെത്തി 14 പന്തില്‍ 29 റണ്‍സെടുത്ത ജെയ്ഡന്‍ സീല്‍സ് ആണ് ടോപ് സ്കോററായത്.

കീസി കാര്‍ട്ടി(22), ക്യാപ്റ്റന്‍ ഷായ് ഹോപ്പ്(25), ബ്രാണ്ടന്‍ കിംഗ്(10), ആമിര്‍ ജാങ്കോ(14), ഗുകേഷ് മോടി(18), അല്‍സാരി ജോസഫ്(12) എന്നിവരാണ് വിന്‍ഡീസിനായി രണ്ടക്കം കടന്നവര്‍. ഇംഗ്ലണ്ടിനായി സാക്വിബ് മെഹ്മൂദ്, ജാമി ഓവര്‍ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *