ചെന്നൈ: രാജ്യത്തിന്റെ അഭിമാന കായികതാരം ഒളിമ്പ്യൻ ഷൈനി വിൽസൺ ഔദ്യോഗികവൃത്തിയിൽനിന്ന് ശനിയാഴ്ച പടിയിറങ്ങുന്നു. 41 വർഷത്തെ സേവനത്തിനുശേഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽനിന്നുമാണ് ഷൈനി വിരമിക്കുന്നത്.
1984 മാർച്ച് 16-ന് പതിനെട്ടാം വയസ്സിൽ എഫ്‌സിഐയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ഷൈനി മുംബൈയിലും ജോലിചെയ്തു.
‘‘മേലധികാരികളോടും സഹപ്രവർത്തകരോടും നന്ദിയുണ്ട്. ജോലിയിലിരിക്കെ കായികരംഗത്തെ വളർച്ചയ്ക്കുവേണ്ടി നന്നായി പ്രവർത്തിക്കാനായി.
മലയാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളെ എഫ്‌സിഐയിൽ എത്തിക്കാനായതിൽ സന്തോഷമുണ്ട്. ഒട്ടേറെ പ്രതിഭകളെ സ്കോളർഷിപ്പു നൽകി കൈപിടിച്ചുയർത്തി’’ -ഷൈനി പറഞ്ഞു.
1965 മേയ് എട്ടിന് ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിത്തല കുരിശിങ്കൽ എബ്രാഹമിന്റെയും മറിയാമ്മയുടെയും മകളായാണ് ജനനം.
പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഖിലേന്ത്യാ അന്തസ്സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായതിനു പിന്നാലെ എഫ്‌സിഐയിൽ ക്ലാർക്കായി നിയമനംകിട്ടി”അതേവർഷമായിരുന്നു ലോസ് ആഞ്ജലീസ് ഒളിമ്പിക്സ്. അവിടെ താരമായ ഷൈനിക്ക് തിരിച്ചെത്തിയപ്പോൾ മാനേജരായി പ്രമോഷൻ കിട്ടി.
ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന രാജ്യാന്തര നീന്തൽതാരം വിൽസൺ ചെറിയാനുമായി 1988-ൽ വിവാഹം. ഇരുവരും 1992-ലാണ് ചെന്നൈയിലെത്തിയത്. ലോസ് ആഞ്ജലീസ്, സോൾ, ബാഴ്സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്ത ഷൈനി 1992-ൽ ബാഴ്സലോണ ഒളിമ്പിക്സിൽ ദേശീയപതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയായി.
75 രാജ്യാന്തര മീറ്റുകളിൽ മത്സരിച്ചു. എൺപതിലേറെ രാജ്യാന്തര മെഡലുകൾ സ്വന്തമാക്കി. അർജുന, പദ്‌മശ്രീ പുരസ്കാരങ്ങൾ നേടി. സായി ഗവേണിങ് ബോഡിഅംഗം, ഇന്ത്യൻ അത്‌ലറ്റിക്സ് ടീം സെലക്ഷൻ കമ്മിറ്റി അഗം, ഏഷ്യൻ അത്‌ലറ്റിക്സ് കമ്മിഷൻ അംഗം തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. കൊച്ചിയിലേക്കു താമസം മാറണമെന്ന് ആഗ്രഹമുണ്ടെന്നും ഷൈനി പറഞ്ഞു.
മക്കൾ: ശില്പ വിൽസൺ, സാൻട്ര വിൽസൺ, ഷെയ്ൻ വിൽസൺ