അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് ഭീഷണിയായി അഹമ്മദാബാദില്‍ മഴ. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസുമിട്ട് ഏഴരയ്ക്ക് കളി ആരംഭിക്കാന്‍ ഇരിക്കേയാണ് ശക്തമായ മഴയെത്തിയത്.
ഇതോടെ പിച്ച് പൂര്‍ണമായും മൂടുകയും താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.
മഴ ആശങ്കയാണെങ്കിലും അഹമ്മദാബാദില്‍ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ 20 ഓവര്‍ മത്സരം നടക്കാന്‍ ഇനിയുമേറെ സമയം അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
മഴ നീണ്ടാല്‍ രാത്രി 9.30ന് ശേഷം മാത്രമേ ഓവറുകള്‍ വെട്ടിക്കുറച്ച് തുടങ്ങുകയുള്ളൂ. ഒമ്പതരയ്ക്കോ അതിന് മുമ്പോ മത്സരം ആരംഭിച്ചാല്‍ 20 ഓവര്‍ വീതമുള്ള കളി അഹമ്മദാബാദില്‍ അരങ്ങേറും.
മഴ നിന്നാലുടന്‍ കവറുകള്‍ നീക്കം ചെയ്യുകയും സ്റ്റേഡിയം മത്സരത്തിന് സുസജ്ജമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദില്‍ ഗ്രൗണ്ട് സ്റ്റാഫ് നടത്തിവരികയാണ്. അതിനാല്‍ തന്നെ മഴ ക്വാളിഫയര്‍ 2-ന്‍റെ ആവേശം ഒട്ടും കുറയ്ക്കില്ലെന്ന് പ്രതീക്ഷിക്കാം.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു. മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും ജോണി ബെയ്‌ര്‍സ്റ്റോയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.