“ന്യൂഡല്‍ഹി: മേഘാലയയില്‍ മധുവിധുവിനിടെ കാണാതാവുകയും ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വാടകക്കൊലയാളികളുടെ സഹായത്തോടെ ഭാര്യ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ സോനം (24) എന്ന യുവതിയെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്ന് അറസ്റ്റ് ചെയ്തു.
സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് യുവാവിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കി.സോനത്തിന്റെ ഭര്‍ത്താവ് ഇന്ദോര്‍ സ്വദേശിയായ രാജ് രഘുവംശിയുടെ മൃതദേഹം ജൂണ്‍ രണ്ടിന് കണ്ടെത്തിയിരുന്നു.
രാജിന്റെ മോതിരവും മാലയും അടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടരുന്നതിനാല്‍ കവര്‍ച്ച ലക്ഷ്യമാക്കിയാകും കൊലപാതകം നടന്നതെന്ന സംശയം പോലീസിനുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം തകര്‍ത്ത നിലയില്‍ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
“രാജ് കുഷ്വാഹ എന്ന യുവാവുമായുള്ള ബന്ധം തുടരുന്നതിനായി ഭര്‍ത്താവിനെ മധുവിധുവിനെത്തുന്ന മേഘാലയയില്‍വെച്ച് കൊലപ്പെടുത്താന്‍ സോനം പദ്ധതിയിട്ടു. മേയ് 23-ന് മേഘാലയയില്‍ എത്തിയതിനു പിന്നാലെ ദമ്പതിമാരെ കാണാതായി. പത്തു ദിവസത്തിനു ശേഷമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.
വാടകയ്‌ക്കെടുത്ത സ്‌കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു.ഇവരെ മറ്റു മൂന്ന് പേരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് പോലീസിനോട് പറഞ്ഞിരുന്നു. സോനത്തിനായുള്ള തിരച്ചില്‍ പോലീസ് തുടര്‍ന്നു.
കണ്ടെത്താനാകാതെ വന്നതോടെ യുവതിയുടെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടു. ബന്ധുക്കള്‍ ഇന്ദോര്‍ പോലീസുമായി ബന്ധപ്പെട്ടതോടെ യുവതിയെ കണ്ടെത്തല്‍ എളുപ്പമായി. സോനത്തെ കൂടാതെ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് സൂചന.