ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്.

യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല.എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്.

ഇക്കാര്യം ഇസ്രയേലിലെ യുഎസ് അംബാസഡറും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്നും സുരക്ഷിതയിടങ്ങളില്‍ തുടരാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലും എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടുകയാണെന്നും യുഎസ് അധികൃതര്‍ അറിയിച്ചു

.ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്റെ ശക്തമായ ആക്രമണമാണുണ്ടായത്. മധ്യ ഇസ്രയേലിലെ നാലിടങ്ങളില്‍ മാത്രം 67 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.

പലയിടത്തും കെട്ടിടങ്ങളും വാഹനങ്ങളും കത്തിയമര്‍ന്നു. ഹൈഫയിലെ പവര്‍പ്ലാന്റിന് നേരേയും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തെത്തുടര്‍ന്ന് മധ്യഇസ്രയേലിലെ പവര്‍ഗ്രിഡിന് തകരാര്‍ സംഭവിച്ചതായി ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.”

ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജനങ്ങള്‍ നഗരം വിടാന്‍ ശ്രമിക്കുന്നതെന്നും നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങളുടെ നീണ്ടനിരയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടെഹ്‌റാന്റെ വടക്കുള്ള ഉള്‍നാടന്‍ മേഖലകളിലേക്കാണ് മിക്കവരും പോകുന്നത്. എന്നാല്‍, ദുര്‍ഘടമായ പാതകളായതിനാല്‍ യാത്ര പ്രയാസകരമാണെന്നും ടെഹ്‌റാന്‍ നിവാസികള്‍ സിഎന്‍എന്നിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *