ഷില്ലോങ്: മേഘാലയയിൽവെച്ച് കൊല്ലപ്പെട്ട ഇന്ദോർ സ്വദേശി രാജ രഘുവംശിയുടെ കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡയറക്ടർ ജനറൽ ഒഫ് പോലീസ് ഇദാഷിഷ നോൺഗ്രാങ് പറഞ്ഞു.
കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവർ പറഞ്ഞു.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം പ്രതികൾ പറയുന്നതുപോലെ ശരിയായ രീതിയിൽ ഒത്തുചേരുന്നില്ല. പിന്നിൽ മറ്റുവല്ലതുമുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കുകയാണ്.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്.
ഇതൊരു ത്രികോണപ്രണയമായി തോന്നുന്നുണ്ടെങ്കിലും, ഇതായിരിക്കും ഏക കാരണം എന്ന് പറയാൻ കഴിയില്ല. കേസിൽ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.” ഡിജിപി പറഞ്ഞു.