ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് അറിയിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയിൽ എത്തിയപ്പോഴായിരുന്നു ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മോദിയോട് ട്രംപ് വിശദാംശങ്ങൾ ചോദിച്ചിരുന്നു.
ഇതിന് ശേഷമാണ് ഈ വിഷയം ചർച്ചയ്ക്ക് വന്നതെന്നും വിക്രം മിസ്രി പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഭീകരവാദികൾക്ക് ശക്തമായി മറുപടി നൽകിയിരുന്നു.
തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം അടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനോട് സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.