തടിയുടെ വളവും ആശാരിയുടെ കുറ്റവും’ എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു കൊച്ചി ടസ്‌കേഴ്സ് കേരളയുടെ വരവും പോക്കും. അഞ്ചു കമ്പനികളുടെ കണ്‍സോര്‍ഷ്യമായ റണ്‍ദേവൂ സ്‌പോര്‍ട്‌സ് കണ്‍സോര്‍ഷ്യമായിരുന്നു ടീമുടമകള്‍. തുടക്കംമുതലേ ഏകോപനമില്ലായ്മ ദൃശ്യമായിരുന്നു.
രണ്ടാംവര്‍ഷമായപ്പോള്‍ കൊച്ചി ആസ്ഥാനംവിട്ട് അഹമ്മദാബാദിലേക്ക് ചേക്കേറാന്‍ മോഹിച്ചു. എന്നാല്‍, അതിനു കഴിയുംമുന്‍പേ ടീംതന്നെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് പുറത്തായി. ഇനി അറിയേണ്ടത് കൊമ്പന്മാര്‍ എന്നറിയപ്പെട്ടിരുന്ന ടസ്‌കേഴ്‌സ് ഐപിഎലിലേക്ക് തിരികെവരുമോയെന്നാണ്.
ടസ്‌കേഴ്‌സിനൊപ്പം ഐപിഎലിലെത്തിയ പുണെ വാരിയേഴ്‌സും പിന്നീട് പുറത്തായിരുന്നു. പുതുതായി രണ്ടുടീമുകള്‍ (ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും) ഐപിഎലിലെത്തിയതിനാല്‍ ഇനിയൊരുടീമിനു സാധ്യതകുറവ്.
ടസ്‌കേഴ്സിന് നഷ്ടപരിഹാരം നല്‍കാനുള്ള ആര്‍ബിട്രല്‍ ട്രിബ്യൂണലിന്റെ വിധി ശരിവെച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ടസ്‌കേഴ്‌സിന്റെ കാലത്തെ തുകയല്ല ഇപ്പോള്‍ ടീമിനെ സ്വന്തമാക്കാന്‍ വേണ്ടത്. 1560 കോടി മുടക്കിയാണ് റണ്‍ദേവൂ സ്‌പോര്‍ട്‌സ് ടീമിനെ സ്വന്തമാക്കിയത്.
2021-ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനുവേണ്ടി സിവിസി ക്യാപിറ്റല്‍ മുടക്കിയത് 5600 കോടിയാണ്. ലഖ്‌നൗവിനുവേണ്ടി സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് മുടക്കിയത് 7090 കോടി രൂപ. ഈ സാഹചര്യത്തില്‍ കേവലം 538 കോടി നല്‍കുന്നതിനു പകരം പുതിയൊരു ടീമിനെ ബിസിസിഐ അനുവദിക്കാന്‍ സാധ്യതയില്ല.