സാങ്കേതികമായി വിലയിരുത്തിയാല്‍ ഒരു പാട്ട് ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക സിനിമയിലെ കഥാസന്ദര്‍ഭത്തിനായി സൃഷ്ടിക്കപ്പെടുന്നതാണ്. എന്നാല്‍ അത് എല്ലാ കാലത്തേക്കുമുളളതായി മാറുമ്പോള്‍ ആ ഗാനത്തിന് പുതിയ പരിവേഷം കൈവരുന്നു.
മാറി വരുന്ന അഭിരുചികളെയും തലമുറകളെയും സ്പര്‍ശിച്ചുകൊണ്ട് നിലനില്‍ക്കാന്‍ കഴിയുന്നഅപൂര്‍വം ചില ഗാനങ്ങളുണ്ട്. കാലത്തെ അതിജീവിച്ച് നിലനില്‍ക്കാനുളള കെല്‍പ്പ് കൈവരിക്കുമ്പോഴാണ് ഒരു ഗാനം അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നത്.
സിനിമയിലെ ഗാനത്തിന്റെ അടിസ്ഥാന ദൗത്യം സിനിമ പറയാന്‍ ശ്രമിക്കുന്ന പ്രമേയത്തെയോ കഥയുടെ വളര്‍ച്ചയെയോ മെച്ചപ്പെടുത്തുക എന്നതാണ്.എന്നാല്‍ ആ സിനിമയും കഥാസന്ദര്‍ഭവും വിട്ട് ചില പാട്ടുകള്‍ ശാശ്വതമാനം കൈവരിക്കുന്നു. ഏത് കാലത്തെയും അഭിസംബോധന ചെയ്യാന്‍ ശേഷിയുളള വിധം സാര്‍വജനീനമായി മാറുന്നു.
മലയാളത്തില്‍ വയലാര്‍ രാമവർമയുടെയും പി.ഭാസ്‌കരന്റെയും ഒ.എന്‍.വിയുടെയും ശ്രീകുമാരന്‍ തമ്പിയുടെയും കൈതപ്രത്തിന്റെയുംഗിരീഷ് പുത്തഞ്ചേരിയുടെയും ബിച്ചു തിരുമലയുടെയും യൂസഫലി കേച്ചേരിയുടെയും വരികള്‍ സിനിമാ ഗാനത്തിന്റെ പരിമിത വൃത്തത്തിനപ്പുറം കവിതയുടെ ലാവണ്യാനുഭവം സമ്മാനിക്കുന്നതാണ്.
ദേവരാജന്റെയും ദക്ഷിണാമുര്‍ത്തിയുടെയും എം.ബി.ശ്രീനിവാസന്റെയും ഇളയരാജയുടെയും ജോണ്‍സന്റെയൂം രവീന്ദ്രന്റെയും ജെറി അമല്‍ദേവിന്റെയും ഔസേപ്പച്ചന്റെയും സംഗീതത്തിനുംകാലദേശാതീതമായ നിറവുണ്ട്.
എഴുപതുകളും എണ്‍പതുകളും തൊണ്ണുറുകളുമായിരുന്നു മലയാള ചലച്ചിത്രഗാന ശാഖയുടെ ഏറ്റവും പുഷ്‌കലമായ കാലം. രണ്ടായിരത്തില്‍ താരതമ്യേന ആഴം കുറഞ്ഞതെന്ന് വിലയിരുത്തപ്പെടുന്ന ഗാനങ്ങളാണ് സംഭവിച്ചതെന്ന് പരിതപിക്കുമ്പോഴും അക്കൂട്ടത്തിലും ചില മുത്തുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുക വയ്യ.
മൂന്ന് ഘടകങ്ങള്‍ സമര്‍ത്ഥമായി ഇഴപാകുമ്പോള്‍ മാത്രമാണ് ഒരു പാട്ട് പൂര്‍ണ്ണതയെ സ്പര്‍ശിക്കുന്നത്. കാവ്യഗുണവും ഭാവസാന്ദ്രതയുമുളള വരികള്‍, ഹൃദയദ്രവീകരണക്ഷമമായ സംഗീതം, ഭാവാത്മകവും വശ്യവുമായ ആലാപനം
ഈ വിധത്തില്‍ മാന്ത്രികമായ ലയഭംഗികള്‍ സമന്വയിക്കപ്പെട്ട ഗാനങ്ങളുടെ എണ്ണം കുറവാണെങ്കിലും പിന്നിട്ട കാല്‍നൂറ്റാണ്ടിനിടയില്‍ അത്തരം ചിലതെങ്കിലൂം സംഭവിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
മെലഡിക്കും സെമി ക്ലാസിക്കലിനുംഅടിച്ചുപൊളി പാട്ടുകള്‍ക്കുമെല്ലാം ഈ തരത്തില്‍ കാലം കടന്നു നിലനില്‍ക്കാന്‍ ശേഷിയുണ്ട്