ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ഗില്ലിന് കീഴില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ ദിവസം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 359 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (പുറത്താവാതെ 127) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

കോലി കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് ഗില്‍ കളിക്കുന്നത്. രോഹിത്തിന് പകരം ഓപ്പണറായ കെ എല്‍ രാഹുല്‍ (42) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിരുന്നു.

ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോല്‍ കോലിയെ പരോക്ഷമായി പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കമന്ററിക്കിടെയാണ് കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് ശൈലിയുമായി താരതമ്യപ്പെടുത്തി മഞ്ജരേക്കാര്‍ കോലിയെ കളിയാക്കിയത്.

ഇംഗ്ലീഷ് ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞപ്പോഴെല്ലാം ജയ്‌സ്വാളും രാഹുലും കളിക്കാതെ വിടുകയായിരുന്നു.ഈ സാഹചര്യത്തില്‍ മുമ്പൊരു ബാറ്റര്‍ ഇത്തരം പന്തുകളില്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് കുഴിയില്‍ ചാടുമായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഓഫ്‌സൈഡിന് പുറത്ത് കോലിയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *