ആലപ്പുഴ: KSRTC ബസ് യാത്രയിൽ ചില്ലറയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം. മുൻകൂർ റീചാർജ്ജ് ചെയ്ത ട്രാവൽ കാർഡുമായി ഇന്ന് മുതൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യാം.

ഇ.ടി.എം ഡിവൈസുകളിൽ ട്രാവൽ കാർഡുപയോഗിച്ച് യാത്ര ചെയ്യുന്നതിനുള്ള നടപടികൾ ആലപ്പുഴ ജില്ലയിലെ യൂണിറ്റുകളിൽ ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജരാണ് ഉത്തരവിറക്കിയത്.

ഇന്ന് മുതൽ ബസുകളിൽ കണ്ടക്ടർമാരിൽ നിന്നും യൂണിറ്റുകളിൽ നിന്നും മാർക്കറ്റിംഗ് എക്സിക്യുട്ടിവുമാരിൽ നിന്നും നൂറ് രൂപ നിരക്കിൽ കാർഡ് ലഭിക്കും. സീറോ ബാലൻസിൽ ലഭിക്കുന്ന കാർഡിൽ യാത്രക്കാരന്റെ താത്പര്യമനുസരിച്ച് ചുരുങ്ങിയത് 50 രൂപ മുതൽ പരമാവധി മൂവായിരം രൂപ വരെ റീചാർജ്ജ് ചെയ്യാം.

ഇ.ടി.എം ഡിവൈസുകളിൽ ട്രാവൽ കാർഡ് പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു.പരിമിത കാലത്തേക്ക് പ്രാരംഭ ഓഫറിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ബോണസ് ക്രെഡിറ്റ് ലഭിക്കും. 1000 രൂപയ്ക്ക് റീചാർജ്ജ് ചെയ്താൽ 40 രൂപയും രണ്ടായിരം രൂപയ്ക്ക് റീചാർജ്ജ് ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും.

ട്രാവൽ കാർഡ് വിൽക്കുന്ന ജീവനക്കാർക്ക് ഒരു കാർഡിന് 10 രൂപ നിരക്കിൽ കമ്മീഷനും ഉണ്ടാകും.
കാർഡുകൾ യാത്രക്കാരന് മറ്റാർക്കെങ്കിലും കൈമാറുന്നതിന് തടസ്സമില്ല
കാർഡ് നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഉടമസ്ഥനായിരിക്കും
ട്രാവൽ കാർഡ് നഷ്ടപ്പെട്ടാൽ മാറ്റി നൽകില്ല.

കാർഡ് പ്രവർത്തനക്ഷനമമല്ലാത്ത സാഹചര്യമുണ്ടായാൽ യൂണിറ്റിൽ അപേക്ഷ നൽകാം
പരമാവധി അഞ്ച് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭ്യമാക്കും
റീച്ചാർജ്ജ് തുകയ്ക്ക് ഒരു വർഷം വരെ വാലിഡിറ്റിയുണ്ട്
ഒരുവർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ റീ ആക്ടിവേറ്റ് ചെയ്യണം.
കാർഡിന്റെ വില : 100 രൂപ
റീചാർജ്ജ് തുക – 50 രൂപ മുതൽ 3000 രൂപ വരെ

Leave a Reply

Your email address will not be published. Required fields are marked *