ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്തെ ആവശ്യങ്ങള്‍ക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപം വേഗത്തിലാക്കാന്‍ ഇന്ത്യ നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. ശത്രുരാജ്യത്ത് കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്താന്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യയെ സഹായിക്കും.
26,968 കോടി രൂപയുടെ സ്‌പേസ് ബേസ്ഡ് സര്‍വെയിലന്‍സ് (എസ്ബിഎസ്) പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനുമതി നല്‍കിയിരുന്നു.
ഈ പദ്ധതിയുടെ ഭാഗമാണ് 52 പ്രതിരോധ ഉപഗ്രഹങ്ങള്‍. ഇതില്‍ 21 എണ്ണം ഐഎസ്ആര്‍ഒ തന്നെ നിര്‍മിച്ച് വിക്ഷേപിക്കുന്നവയായിരിക്കും.
31 എണ്ണം മൂന്ന് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ചവയാകും. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന് (ഐഡിഎസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.”
ചൈനയുടെയും പാകിസ്താന്റേയും ഭൂപ്രദേശങ്ങളില്‍ വലിയൊരു പങ്കും ഇന്ത്യന്‍ സമുദ്രമേഖലയും നിരീക്ഷണപരിധിയില്‍ കൊണ്ടുവരാന്‍ ഇതുവഴി ഇന്ത്യയ്ക്കാവും. തുടര്‍ച്ചയായി നിരീക്ഷണം നടത്താനും ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധിക്കും