രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പില്‍ സമാധാനമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുണ്ടാക്കിയ ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഖ്യങ്ങളിലൊന്നാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍.
1949ല്‍ യൂറോപ്പിലെ പത്ത് രാജ്യങ്ങളും അമേരിക്കയും കാനഡയും ചേര്‍ന്നാണ് നാറ്റോയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും നാറ്റോ പിരിച്ചുവിട്ടില്ല. സോവിയറ്റാനന്തരം ഏകധ്രുവ ഘടനയിലേക്ക് മാറിയ ലോകത്തിന്റെ പ്രധാന സൈനികശക്തിയായി നാറ്റോ തുടര്‍ന്നു.പഴയ സോവിയറ്റ് ഘടകരാജ്യങ്ങള്‍ക്ക് വരെ അംഗത്വം നല്‍കി നാറ്റോ വലിയ രീതിയില്‍ വിപുലീകരിക്കപ്പെട്ടു.
നാറ്റോ വിപുലീകരണ ശ്രമങ്ങള്‍ യൂറോപ്പില്‍ യുദ്ധങ്ങള്‍ക്ക് വരെ കാരണമായി. എന്നാല്‍ സ്ഥാപിതമായ കാലം മുതല്‍ ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന നാറ്റോയുടെ സ്ഥിതി ഇപ്പോള്‍അത് പന്തിയല്ലെന്നാണ് സൂചനകള്‍.
ലോകക്രമം മാറുന്നതും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അമേരിക്കയ്ക്ക് യൂറോപ്പിലെ സൈനിക ഇടപാടുകളില്‍ താല്‍പര്യം നഷ്ടപ്പെട്ടതുമെല്ലാമാണ് ഇതിന് കാരണം. കഴിഞ്ഞദിവസങ്ങളില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍ ഈ വാദത്തിന് ശക്തിപകരുന്നവയാണ്.”