വാറങ്കല്‍: തെലങ്കാനയില്‍ രണ്ട് കൗമാരക്കാരികളടക്കം അഞ്ച് മാവോവാദികള്‍ കീഴടങ്ങി. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ അഞ്ചുപേരാണ് പോലീസില്‍ കീഴടങ്ങിയതെന്ന് മുളുകു പോലീസ് സൂപ്രണ്ട് ഡോ. പി. ശബരീഷ് അറിയിച്ചു.
കീഴടങ്ങുന്ന മാവോവാദികള്‍ക്കുള്ള തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
ശ്യാമല രാജേഷ്, കാഡിദിതുമ, ബദിഷേ ഭീമ, ഉകേ ജോഗി(18) മുച്ഛകി ജോഗി(16) എന്നിവരാണ് കീഴടങ്ങിയ മാവോവാദികള്‍. ഇവരെല്ലാം ഛത്തീസ്ഗഢ് സ്വദേശികളാണ്.ഗ്രാമമാണ് യുദ്ധത്തെക്കാള്‍ നല്ലത്, നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങൂ’ എന്ന പേരില്‍ സിആര്‍പിഎഫും തെലങ്കാന പോലീസും മാവോവാദി മേഖലകളില്‍ ഏറെനാളായി ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.
കീഴടങ്ങുന്ന മാവോവാദികള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.ഈ ബോധവല്‍ക്കരണത്തെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 73 മാവോവാദികള്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് തെലങ്കാന പോലീസ് പറയുന്നത്. കഴിഞ്ഞദിവസം കീഴടങ്ങിയ അഞ്ചുപേര്‍ക്കും അടിയന്തര ധനസഹായമായി 25,000 രൂപയും നല്‍കിയിരുന്നു.