തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2വിലെ പ്രധാന ടീമുകളിലൊന്നായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും മാനേജ്മെന്റ് പ്രഖ്യാപിച്ചു. ബൗളിംഗ് പ്രകടനത്തില്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതിനായി അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്.
ഫീല്‍ഡിംഗിലെ മികവിന് ഊന്നല്‍ നല്‍കി മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്.മത്സരങ്ങള്‍ കൃത്യമായി അപഗ്രഥിക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും പെര്‍ഫോമന്‍സ് ആന്‍ഡ് വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീമിന്റെ സുഗമമായ നടത്തിപ്പിനായി ടീം മാനേജരായി രാജു മാത്യുവും പ്രവര്‍ത്തിക്കും.
കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ടീമിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുത്തുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.