ഇസ്ലാമാബാദ്: ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി ഡ്രോൺ കരാർ പുനഃക്രമീകരിച്ച് പാകിസ്താനും തുർക്കിയും. 900 മില്യൺ അമേരിക്കൻ ഡോളറിന്റെ ഡ്രോൺ കരാറാണ് ഇരുരാജ്യങ്ങളും പുനഃക്രമീകരിച്ചത്.
നേരത്തെയുണ്ടായിരുന്ന കരാറിൻ്റെ പോരായ്മകൾ തിരുത്തിയാണ് പുതിയ കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്.പുതുക്കിയ കരാറിൽ 700-ലധികം തുർക്കി നിർമ്മിത ബെയ്രക്തർ TB2, AKINCI UAV എന്നിവയാണ് ഉൾപ്പെടുന്നത്.
പാകിസ്താൻ്റെ സൈനിക പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ‘കാമികസെ ഡ്രോണു’കൾ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.2025 അവസാനത്തോടെ തുർക്കിയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അഞ്ച് ബില്യൺ അമേരിക്കൻ ഡോളറായി ഉയർത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
തുർക്കിയിലെ പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ബേക്കറും ഈ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സൈനിക ഉപകരണങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ഓപ്പറേഷൻ സിന്ദൂരിനുശേഷം നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ്റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളുടെ ആക്രമണം തടഞ്ഞിരുന്നു.
തുർക്കി, ചൈന എന്നീ രാജ്യങ്ങളുടെ ഡ്രോണുകളാണ് പാകിസ്താൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു