ബെംഗളൂരു: ഉന്നത പൊലീസ് ഓഫീസർമാർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ജീവനക്കാരെ പോലെ പെരുമാറിയെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഐപിഎസ് ഓഫീസർ വികാഷ് കുമാറിൻ്റെ സസ്പെൻഷൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കർണാടക സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി വികാഷിനെയും മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത് കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജൂൺ 5 നാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള ഫൈനൽ മത്സരത്തിൻ്റെ ടോസിന് മുമ്പുതന്നെ, മത്സരം ജയിച്ചാൽ വിജയം ആഘോഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആർസിബി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിരുന്നു.
12 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകി വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുക അസാധ്യമാണെന്ന് വാദിച്ച കർണാടക സർക്കാർ ഉദ്യോഗസ്ഥൻ്റെ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്തായിരുന്നു ഉദ്യോഗസ്ഥൻ ചെയ്തത്? അദ്ദേഹം എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ? നിയമപ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുപകരം ആഘോഷത്തിന് ബന്തവസ്സുമായി മുന്നോട്ട് പോയെന്നും കർണാടക സർക്കാർ വാദിച്ചു.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എസിപി ആയിരുന്ന വികാഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്ത്. പരിപാടിയ്ക്ക് അനുമതി നൽകിയതിലും ജനങ്ങളെ നിയന്ത്രിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് കാണിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ.
പിന്നീട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വികാഷിന്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചത്.