കൊച്ചി: നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന് പിന്നാലെ കേന്ദ്രം കാണിച്ച അവഗണനയെ തുറന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിന്റെ മറുപടിക്ക് പിന്നാലെ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം.
വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ സര്‍ക്കാരും എംബസിയും തന്നെയാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉള്‍പ്പടെയുള്ള പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത്.
2022 മാര്‍ച്ച് 15ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ യമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പ് നല്‍കുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള പിന്തുണ നല്‍കാമെന്ന് ഹൈക്കോടതി മുമ്പാകെ ഉറപ്പുനല്‍കുകയും സര്‍ക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു’, അദ്ദേഹംപറയുന്നു.