അമിതവേഗതയിലും നിയമം കാറ്റില്‍ പറത്തിയും ചിലര്‍ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പോലെ ആകാശത്ത് വിമാനം തലങ്ങും വിലങ്ങും പറത്തി വ്യോമഗതാഗത്തെ ആകെ അവതാളത്തിലാക്കി യുവാവ്. കാനഡയില്‍ ചെറുവിമാനം തട്ടിയെടുത്ത് നഗരത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മുകളിലൂടെ പറത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് സ്‌കൂളില്‍ നിന്നുള്ള ചെറു വിമാനവുമായി ചൊവ്വാഴ്ച്ചയാണ് 39 വയസുകാരനായ ഷഹീര്‍ കാസിം വാന്‍ കൂവിലെത്തിയത്. സെസ്‌ന 172 എന്ന വിമാനവുമായി എത്തിയ ഇയാള്‍ വിമാനത്താവളത്തെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി.
പ്രതിവര്‍ഷം 12000ത്തിലേറെ സ്വകാര്യ സര്‍വ്വീസുകള്‍ നടത്തുന്ന വിക്ടോറിയ ഫ്‌ളൈയിങ് ക്ലബ്ബിന്റെ വിമാനമായിരുന്നു ഇയാള്‍ തട്ടിയെടുത്തത്.റണ്‍വേയ്ക്ക് വലം വച്ചും, തലങ്ങും വിലങ്ങും ഇയാള്‍ വിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്.
വ്യോമഗതാഗതം തടസപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഇയാള്‍ക്ക് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിഷേധ സൂചകമായാണ് ഇയാള്‍ ഇത്തരത്തില്‍ വ്യോമഗതാഗതം തടസപ്പെടുത്തിയത് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണ് എന്നതിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.