മുംബൈ: സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യൻ അണ്ടര്‍ 19 ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും നിലനിര്‍ത്തി.
ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരെ മൂന്ന് ഏകദിനങ്ങളിലും രണ്ട് ചതുര്‍ദിന മത്സരങ്ങളിലുമാണ് ഇന്ത്യൻ അണ്ടര്‍ 19 ടീം കളിക്കുക. അടുത്ത മാസം 21ന് ആരംഭിക്കുന്ന പര്യടനം ഒക്ടോബര്‍ 10ന് അവസാനിക്കും.
ഇംഗ്ലണ്ട് പര്യടനത്തിലും ഐപിഎല്ലിലും തിളങ്ങിയ ആയുഷ് മാത്രെയെ ക്യാപ്റ്റനായി നിലനിര്‍ത്തിയപ്പോള്‍ വിഹാന്‍ മല്‍ഹോത്രയാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിലും ഐപിഎല്ലിലും വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രദ്ധേയനായ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്.
സെപ്റ്റംബര്‍ 21, 24, 26 തീയതികളിലാണ് ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പര.
സെപ്റ്റംബര്‍ 30 മുതല്‍ ആദ്യ ചതുര്‍ദിന മത്സരവും ഒക്ടോബര്‍ 7 മുതല്‍ 10വരെ രണ്ടാം ചതുര്‍ദിന മത്സരവും ഇന്ത്യ അണ്ടര്‍ 19 ടീം കളിക്കും. ഈ മാസം നടന്ന ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയപ്പോള്‍ യൂത്ത് ടെസ്റ്റ് പരമ്പര സമനിലയായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.