കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു’- കമ്മീഷണര്‍ പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.വിഷയത്തിൽ പ്രതികരണവുമായി വേടൻ രംഗത്തെത്തിയിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. വൈകില്ല. ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *