ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്ര സര്‍ക്കാര്‍. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നത്.

എണ്ണ വാങ്ങുന്നത് തുടരും എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ.സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു.

റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആ​ഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്.ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നു എന്നത് മാത്രമല്ല ട്രംപിന്‍റെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാ‍ർക്കോ റൂബിയോയും അറിയിച്ചിരുന്നു.

ഇന്ത്യ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് യുക്രെയ്നുമായുള്ള യുദ്ധത്തെ സുസ്ഥിരപ്പെടുത്താൻ മോസ്കോയെ സഹായിക്കുന്നു എന്നതാണ് അസ്വസ്ഥതയുടെ പ്രധാന കാരണമെന്നായിരുന്നു റൂബിയോയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *