ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർഥികളെ എത്രയും വേഗം തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ സജീവമാണ്. എൻഡിഎ നേതൃത്വയോഗം ചേർന്ന് സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. പാർലമെന്ററി രംഗത്ത് പരിചയ സമ്പന്നനായ നേതാവിനെ സ്ഥാനാർഥിയാക്കാനാണ് എൻ ഡി എയിൽ നിന്നുള്ള പ്രാഥമിക ധാരണ.
ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് തന്നെ സ്ഥാനാർഥിയാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ , പി എസ് ശ്രീധരൻപിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും സ്ഥാനാർഥിയെ നിർത്തും. ഇന്ത്യാ സഖ്യത്തിലെ ഏതു പാർട്ടിയിൽ നിന്നാണ് സ്ഥാനാർഥി എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ ചർച്ച ആയിട്ടില്ല.
വിജയ സാധ്യത എൻഡിഎ സ്ഥാനാർഥിക്ക് തന്നെയാണെങ്കിലും ഏകപക്ഷീയമായി വിജയം നൽകേണ്ടെന്ന വിലയിരുത്തലാണ് ഇന്ത്യ മുന്നണിക്കുള്ളത്.