ഷാർജ ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചിക മണിയന്റെ(33)യും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേരള ക്രൈംബ്രാഞ്ച് പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിക്കാനാണ് നീക്കം.ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായിരുന്ന നിതീഷ് ഇപ്പോഴും യുഎഇയിൽ തന്നെയാണുള്ളത്.
കഴിഞ്ഞ ജൂലൈ 8-നാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്മെന്റിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക, വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദിവസങ്ങളോളം ഷാർജ മോർച്ചറിയിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് വിപഞ്ചികയുടെ കുടുംബം ആഗ്രഹിച്ചപ്പോൾ, ദുബായിൽ തന്നെ സംസ്കരിക്കണമെന്ന്നിതീഷ് വാശി പിടിക്കുകയായിരുന്നു.
ജബൽ അലി ശ്മശാനത്തിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ മൃതദേഹം അവരുടെ കുടുംബം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.