ചണ്ഡീഗഡ്: ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചതെന്ന് തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലിലെ അവസാന സീസണുകളില്‍ പഞ്ചാബ് ടീമില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താന്‍ ഐപിഎല്‍ മതിയാക്കിയതെന്നും ക്രിസ് ഗെയ്ല്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഐപിഎല്ലില്‍ 2018 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്സിന്‍റെ താരമായിരുന്നു ക്രിസ് ഗെയ്ല്‍. പഞ്ചാബ് കുപ്പായത്തില്‍ 41 മത്സരങ്ങളില്‍ 40.75 ശരാശരിയിലും 148.65 സ്ട്രൈക്ക് റേറ്റിലും 1304 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും ഗെയ്ല്‍ പഞ്ചാബിനായി നേടിയിട്ടുണ്ട്.”

ഒരു സീനിയര്‍ താരമെന്ന പരിഗണന പലപ്പോഴും എനിക്ക് ലഭിച്ചില്ല. ഒരു കുട്ടിയെ പോലെയാണ് അവര്‍ എന്നെ കണ്ടത്. അതെന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു.

ആ സമയം ഞാന്‍ വിഷാദത്തിലേക്ക് വീഴുമോ എന്നുപോലും ഭയപ്പെട്ടു.അതിന് മുമ്പ് ആളുകളൊക്കെ വിഷാദത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ ഇതെന്താണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.ആ സമയത്ത് ടീം മുന്നോട്ട് പോയ രീതിയില്‍ ഞാന്‍ തികച്ചും നിരാശനായിരുന്നു.

കാരണം, പലപ്പോഴും കാരണങ്ങളില്ലാതെ എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയത് എന്നെ വേദനിപ്പിച്ചു. അന്ന് ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുല്‍ എന്നെ ഫോണില്‍ വിളിച്ച് അടുത്ത മത്സരത്തില്‍ എന്തായാലും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുവരെ പറഞ്ഞിട്ടുണ്ട്.

പക്ഷെ ഞാന്‍ രാഹുലിനോട് നന്ദി പറഞ്ഞ് മതിയാക്കുകയായിരുന്നു-ഗെയ്ല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *