ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. സിനിമയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്നെ സ്വീകരിക്കുന്ന സ്ത്രീ പ്രക്ഷകരെ തനിക്ക് മനസിലാകുന്നുണ്ടെന്നും എന്നാൽ നായകൻ ഇല്ലാതിരുന്നിട്ടും സിനിമയെ ഏറ്റെടുത്ത പുരുഷ പ്രേക്ഷകരുടെ സ്നേഹം അതിശയിപ്പിക്കുന്നുവെന്നും കല്യാണി പറഞ്ഞു.

ലോക സിനിമയെ പിന്തുണച്ചു മുന്നോട്ട് വരുന്ന സ്ത്രീകളെ എനിക്ക് മനസിലാകും, എന്നാൽ ചിത്രം ഒരു പുരുഷനെ ചുറ്റിപ്പറ്റിയാവണമെന്ന നിർബന്ധമില്ലാതെ സിനിമ കണ്ട് തിയേറ്ററിൽ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പുരുഷ പ്രേക്ഷകർ എത്രത്തോളമാണെന്നത് അതിശയിപ്പിക്കുന്നതാണ്.

ഈ പ്രേക്ഷകരെ നമ്മൾ വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞതിൽ സന്തോഷം. ഇതുപോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി ഒരു ജാലകം തന്നെ ലോകയിലൂടെ തുറന്നു”, കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.

ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും, അക്ഷയ് കുമാറും സിനിമയെ പ്രശംസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *