ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിനും ഹമാസ് ഓഫിസ് ഖത്തറിൽ പ്രവർത്തിക്കുന്നതിനുമാണ് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ചരിത്രം. ഹമാസിന്റെ ഓഫിസ് ഖത്തറിൽ തുറന്നത് ഖത്തറിന്റെ മാത്രം താൽപര്യമല്ലെന്നും അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്നാണെന്നതുമാണ് വാസ്തവം.
1990കളിൽ ജോർദാനിലായിരുന്നു ഹമാസിന്റെ ഓഫിസും നേതൃത്വവും പ്രവർത്തിച്ചിരുന്നത്. എന്നാൽ, അബ്ദുള്ള രണ്ടാമൻ രാജാവിന് മേൽഅമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മർദ്ദം ശക്തമായതോടെ, 1999ൽ ജോർദാനിലെ ഓഫീസ് ഹമാസിന് പൂട്ടേണ്ടിവന്നു.
രണ്ട് വർഷത്തിനുള്ളിൽ ഹമാസിന്റെ ആസ്ഥാനം സിറിയയിലേക്ക് മാറ്റി. അസദിന്റെ വിമർശകരെ പിന്തുണച്ച ഹമാസ് നേതൃത്വം സിറിയൻ ഭരണകൂടത്തിന് അനഭിമതരായി.
തുടർന്നാണ് 2012 ഫെബ്രുവരിയോടെ ഹമാസ് പോളിറ്റ് ബ്യൂറോയുടെ ആസ്ഥാനം ദമാസ്കസിൽ നിന്ന് ദോഹയിലേക്ക് മാറുന്നത്.ഖത്തറിന്റെ മാത്രം താത്പര്യത്തിലായിരുന്നില്ല ആസ്ഥാനം മാറിയത്. മറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് ഹമാസ് നേതാക്കൾക്ക് ഖത്തർ അഭയം നൽകിയത്.
ഇറാന്റെ പിന്തുണയുള്ള ഹമാസ്, ടെഹറാനിലേക്ക് മാറുന്നത് തടയാനാണ് ഖത്തറിനെ അമേരിക്ക ഉപയോഗിച്ചത്.ഹമാസുമായി നേരിട്ടല്ലാതെ ആശയവിനിമായം നടത്താനുള്ള മാർഗമുണ്ടാക്കണമെന്ന അമേരിക്കൻ താൽപര്യത്തിന് മുന്നിൽ ഖത്തർ വഴങ്ങുകയായിരുന്നു.
അങ്ങനെയാണ് അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം ദോഹയിൽ ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് തുറക്കുന്നത്. അമേരിക്കൻ സൈനിക താവളമുള്ള ദോഹയിൽ ഹമാസ് നേതാക്കൾ സുരക്ഷിതരാണെന്ന് വിശ്വസിക്കയും ചെയ്തു.