ന്യൂഡൽഹി∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹർജിയിലാണു പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ മത്സരം നടക്കുന്നത് ദേശീയ താൽപര്യത്തിനു വിരുദ്ധമായ സന്ദേശം നൽകുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാർഥികളാണ് ഹർജി നൽകിയത്.
ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.ഞായറാഴ്ച ദുബായിൽ വച്ചാണ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. മത്സരം നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും എല്ലാ അനുമതിയും ലഭിച്ചതാണെന്നും ബിസിസിഐ നേരത്തേ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.