കാബൂൾ: ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് അനസ് ഹഖാനി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായിരുന്നെങ്കിലും വിരാട് കോലി വിരമിച്ചത് വളരെ നേരത്തെ ആയിപ്പോയെന്ന് ശുഭാങ്കര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തില്‍ ഹഖാനി പറഞ്ഞു.

മെയ് 12ന് ഐപിഎല്ലിനിടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട കരിയറില്‍ 123 മത്സരങ്ങളില്‍ നിന്ന് ഏഴ് ഡബിള്‍ സെഞ്ചുറികളടക്കം 30 സെഞ്ചുറികള്‍ നേടിയ കോലി 9230 റണ്‍സാണ് ടെസ്റ്റില്‍ അടിച്ചെടുത്തത്.

ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത്തിന്‍റെ തീരുമാനം ശരിയായിരുന്നെങ്കിലും കോലി എന്തിനാണ് വിരമിച്ചതെന്ന് ഹഖാനി ചോദിച്ചു. ലോകത്തു തന്നെ വളരെ കുറച്ചുപേര്‍ മാത്രമെ കോലിയെ പോലെയുള്ളു.

അദ്ദേഹം 50 വയസുവരെ കളിക്കുന്നത് കാണാന്‍ ഞാനാഗ്രഹിച്ചിരുന്നു.കോലിക്ക് ഇനിയും സമയമുണ്ടായിരുന്നു. സച്ചിന്‍റെ റെക്കോര്‍ഡ് പിന്തുടരുന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെ കണ്ടുപഠിക്കൂവെന്നും ഹഖാനി പറഞ്ഞു.

വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് വളരെ നേരത്തെ ആയിപ്പോയെന്ന് വിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലും അടുത്തിടെ പ്രതികരിച്ചിരുന്നു.

എന്ത് കാരണം കൊണ്ടാണ് കോലി വിരമിച്ചത് എന്നറിയില്ലെങ്കിലും ക്രിക്കറ്റ് കോലിയെ വല്ലാതെ മിസ് ചെയ്യുമെന്നും ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ, വലിയ താരമാണ് കോലിയെന്നും ഗെയ്ല്‍ പറഞ്ഞിരുന്നു.

കോലി 40 വിജയങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായിരുന്നു. ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി അവസാനം കളിച്ച കോലി അടുത്തമാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *