2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെ നില വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന് പവര്‍പ്ലേ അവസാനിപ്പിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇന്നിങ്സിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ സയീം അയ്യൂബും രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഹാരിസിനെയും ഇന്ത്യ മടക്കി.
ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയുമാണ് വിക്കറ്റ് നേടിയത്.തന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയെങ്കിലും രണ്ടാം ഓവറില്‍ താരത്തിന് സിക്സര്‍ വഴങ്ങേണ്ടി വന്നിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ സാഹിബ്സാദ ഫര്‍ഹാനാണ് ബുംറയെ സിക്സറിന് പറത്തിയത്.
ഇതോടെ പാകിസ്ഥാനെതിരെ സിക്സര്‍ വഴങ്ങാതെ പന്തെറിയുന്ന ബുംറയുടെ സ്ട്രീക്കിനും അന്ത്യമായിരിക്കുകയാണ്. 400 പന്തുകള്‍ക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന് ബുംറയ്ക്കെതിരെ സിക്സര്‍ നേടുന്നത്.