ദോഹ: ഇസ്രയേൽ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തിൽ പറയുന്നു.
വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയിൽ ഖത്തർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭ്യർത്ഥിച്ചു.
ചെയ്ത കുറ്റങ്ങൾക്ക് ഇസ്രായേലിനെ ശക്തമായ നടപടികൾ കൊണ്ട് നേരിടണമെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇരട്ട നിലപാട് വെടിയണം എന്നും ഖത്തർ വ്യക്തമാക്കി.
ഇസ്രായേൽ അക്രമണത്തിന് ഖത്തറിനെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തടയാൻ കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.
അടിയന്തര ഉച്ചകോടി ഇന്ന്
അറബ്-മുസ്‌ലിം ഉച്ചകോടിയുടെ നിർണായക യോഗം ഇന്ന് നടക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്ര നേതാക്കൾ ദോഹയിൽ എത്തിച്ചേർന്നിട്ടുണ്ട്. സൗദി, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്.