സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ചിയാൻ വിക്രമിന്റേത്. നടന്റേതായി അവസാനമിറങ്ങിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
മികച്ച സിനിമകളിലൂടെ നടൻ തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അടുത്തിടെ മെയ്യഴകൻ ഒരുക്കിയ പ്രേംകുമാറിനൊപ്പവും മാവീരൻ സംവിധായകൻ മഡോൺ അശ്വിനൊപ്പവും ചിയാൻ വിക്രം സിനിമകൾ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ സിനിമകൾ ഡ്രോപ്പ് ചെയ്തെന്നാണ് റിപ്പോർട്ട്.നിലവിൽ ഈ രണ്ട് സിനിമകളും ഉപേക്ഷിച്ചെന്നും അതിന് പകരമായി അതേ നിർമാണ കമ്പനികൾ മറ്റു രണ്ട് സംവിധായകരെ വെച്ച് വിക്രമുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ സംവിധായകനായ വിഷ്ണു എടവൻ വിക്രമിനോട് കഥ പറഞ്ഞെന്നും ഈ സിനിമയുമായി മുന്നോട്ട് പോകാൻ നടൻ തീരുമാനിച്ചെന്നുമാണ് സൂചന.
നേരത്തെ വിക്രമിന്റെ 63 -ാം സിനിമയായി മഡോൺ അശ്വിൻ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥ പൂർത്തിയാകാത്തത് മൂലം സിനിമ മാറ്റിവെക്കുകയായിരുന്നു. കവിൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ശേഷം വിഷ്ണു എടവൻ ഒരുക്കുന്ന സിനിമയാകും ഇത്.
അതേസമയം, മെയ്യഴകൻ ഒരുക്കിയ പ്രേംകുമാറിനൊപ്പം വിക്രം സിനിമ പ്രഖ്യാപിച്ചെങ്കിലും ഇതും നീണ്ടു പോകുന്ന അവസ്ഥയിലാണ്. നേരത്തെ തന്റെ അടുത്ത സിനിമ ഫഹദ് ഫാസിലിനൊപ്പമാണെന്ന് പ്രേംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വീര ധീര സൂരൻ ആണ് അവസാനമായി പുറത്തിറങ്ങിയ വിക്രം ചിത്രം. വീര ധീര സൂരൻ തിയേറ്ററിൽ പ്രതീക്ഷ നിലയിൽ വിജയമായില്ലെങ്കിലും ഇടക്കാലത്ത് വിക്രമിന്റെതായി പുറത്തിറങ്ങിയ സിനിമകളിൽ മികച്ചതെന്ന് ഖ്യാതി നേടിയിരുന്നു.
സിനിമ ആഗോളതലത്തിൽ 65 കോടിയിലധികം രൂപ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 42.5 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷനാണ്. വിക്രമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷനുകളിൽ ഒന്നാണ് സിനിമയുടേത്.