ഏഷ്യാ കപ്പില്‍ ഇന്ന് യു.എ.ഇ – പാകിസ്ഥാന് പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.കളിച്ച രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും ഒരു ജയവുമാണ് ഇരുവര്‍ക്കുമുള്ളത്. ഒമാനെതിരെ ഇരു ടീമുകളും വിജയിച്ചപ്പോള്‍ ഇന്ത്യയോട് പരാജയപ്പെട്ടു.
രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനാണ് മുമ്പില്‍.ഒമാനെതിരെ വിജയിച്ചുകൊണ്ടാണ് പാകിസ്ഥാന് തങ്ങളുടെ ഏഷ്യാ കപ്പ് ക്യാമ്പെയ്ന് ആരംഭിച്ചത്.
93 റണ്‍സിനായിരുന്നു സല്മാന് അലി ആഘയുടെയും സംഘത്തിന്റെയും വിജയം. പാകിസ്ഥാന് ഉയര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 67ന് പുറത്തായി.. മത്സരത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യ ആധിപത്യമുറപ്പിച്ച മത്സരത്തില്‍ ഒന്ന് പൊരുതാന്‍ പോലും സാധിക്കാതെയായിരുന്നു പച്ചക്കുപ്പായക്കാരുടെ തോല്‍വി.
ഇന്ത്യയോട് തോറ്റാണ് യു.എ.ഇ തങ്ങളുടെ യാത്ര ആരംഭിച്ചത്. മിന്നോസിന് ഒരു അവസരവും ഇന്ത്യ നല്‍കിയിരുന്നില്ല. 57 റണ്‍സിന് യു.എ.ഇയെ എറിഞ്ഞിട്ട ഇന്ത്യ 27 പന്തില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
ഒമാനെതിരായ മത്സരത്തില്‍ 42 റണ്‍സിനാണ് യു.എ.ഇ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, ഓപ്പണര്‍ അലിഷന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറികളും സൂപ്പര്‍ പേസര്‍ ജുനൈദ് സിദ്ദിഖിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് യു.എ.ഇക്ക് വിജയം സമ്മാനിച്ചത്.
