ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ദുര്‍ബലരായ ഒമാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. യുഎഇ, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ ജയിച്ച ഇന്ത്യ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. അത്ര പ്രധാനമല്ലാത്ത മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

യുഎഇക്കെിരെ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ച ഇന്ത്യ ജസ്പ്രീത് ബുമ്രയെ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് പേസറായി കളിപ്പിച്ചത്. ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തുടരാനാണ് സാധ്യത. ഇവരില്‍ ആര്‍ക്കെങ്കിലും വിശ്രമം കൊടുക്കാന്‍ തീരുമാനിച്ചാല്‍ മാത്രം സഞ്ജു മുന്‍ നിരയിലേക്കെത്തും.

യുഎഇക്കെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. പാകിസ്ഥാനെതിരെ ശിവം ദുബെയെ ബാറ്റിംഗിന് ഇറക്കിയിട്ടും സഞ്ജുവിന് അവസരം നല്‍കിയില്ല. 

ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ നൂറിലധികം മത്സരം കളിച്ചതിന്റെ പരിചയസമ്പത്ത് സഞ്ജു സാംസണുണ്ട്. ഈ സാഹചര്യത്തില്‍ ഒമാനെതിരെ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായാല്‍ സഞ്ജുവിനെ മൂന്നാം നമ്പറിലിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബാറ്റിംഗ് ലൈനപ്പില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരും പ്ലേയിംഗ് ഇലവനിലുണ്ടാകും.രണ്ട് മത്സരങ്ങളും കലിച്ച ശിവം ദുബെയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ റിങ്കു സിംഗ് ടീമിലെത്തിയേക്കും. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് അറിയുന്നത്. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തും.

ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ / റിങ്കു സിംഗ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *