അമേരിക്കൻ ഐക്യനാടുകള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഇസ്രയേല്‍ യോഗ്യത നേടിയാല്‍ സ്പെയിൻ ടൂർണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമോ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ് കായികലോകത്തെ പ്രധാന ചർച്ചകളിലൊന്നായി സ്പെയിനേയും ഇസ്രയേലിനേയും മാറ്റിയത്.
ഗാസയില്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ അന്താരാഷ്ട്ര കായികവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഒരു അന്താരാഷ്ട്ര വേദിയും ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു പെഡ്രൊ സാഞ്ചസിന്റെ ആഹ്വാനം.
യുക്രൈനില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ റഷ്യക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഇസ്രയേലിന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്നായിരുന്നു സാഞ്ചസിന്റെ ആവശ്യം.
