തമിഴ് സിനിമ നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു.
ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. നടന്റെ മരണവാർത്ത അറിഞ്ഞതുമുതൽ സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് നടനെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലേക്ക് എത്തുന്നത്.നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ളവർ റോബോ ശങ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി.
മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ധനുഷ് റോബോ ശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. കരച്ചിലടക്കാനാകാതെ റോബോ ശങ്കറിനെ അവസാനമായി കണ്ടു നിൽക്കുന്ന ധനുഷിനെ വീഡിയോകളിൽ കാണാം വിജയ് ആന്റണി, എം എസ് ഭാസ്കർ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പേരാണ് നടന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. ‘മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
