ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി) പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിനിടെ ഒന്നിലധികം ചട്ടലംഘനം നടത്തിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് വിവരം.
പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ടീം നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ടീമിന് ഐ.സി.സി സി.ഇ.ഒ സഞ്ജോഗ് ഗുപ്ത ഇമെയില്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
യു.എ.ഇക്കെതിരായ മത്സരത്തിന് മുന്നോടിയായി നിയന്ത്രിത മേഖലയില്‍ വീഡിയോ ചിത്രീകരിച്ചു, മത്സരം വൈകിപ്പിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇമെയില്‍.ന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ കൈകൊടുക്കല്‍ വിവാദത്തിലെ തെറ്റായ ആശയവിനിമയം നടത്തിയതിന് പൈക്രോറ്റ് മാപ്പ് പറഞ്ഞുവെന്ന് പറഞ്ഞായിരുന്നു വീഡിയോ പുറത്ത് വിട്ടത്.
ഇതിന് പിന്നാലെയാണ് ഐ.സി.സി ടീമിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.ഏഷ്യാ കപ്പില്‍ യു.എ.ഇക്കെതിരെയായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ടീം കളിക്കാന്‍ ഇറങ്ങാന്‍ വിസമ്മതിച്ചിരുന്നു. കൈകൊടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് പൈക്രോറ്റിനെ റഫറി പാനലില്‍ നിന്ന് ഐ.സി.സി പുറത്താക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
മത്സരത്തില്‍ ടോസിന് മുമ്പ് പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍ മൈക്ക് ഹസനും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും പൈക്രോറ്റും ചര്‍ച്ച നടത്തിയിരുന്നു.
ഈ സംഭാഷണത്തിന്റെ വീഡിയോ ചിത്രീകരിച്ചാണ് പാക് ടീം പുറത്ത് വിട്ടത്. ഇത്തരം മീറ്റിങ്ങുകളില്‍ മീഡിയ മാനേജര്‍മാരെ വിലക്കിയ ഐ.സി.സി നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതാണ് പാക് ടീമിനെതിരെ നടപടിയിലേക്ക് നയിക്കുന്നത്.
