രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രതികരണത്തിൽ നടൻ രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ.താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ.
പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ് അനുഭാവിയുടേതല്ലാത്തതായി മാറി.”നീതു കുറിച്ചു. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒരു യൂത്ത് കോൺഗ്രസ് വനിത നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പിഷാരടിക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഉമ തോമസിനും കെസി വേണുഗോപാലിൻ്റെ ഭാര്യക്കും തൻ്റെ സഹപ്രവർത്തക സ്നേഹക്കും നേരിടേണ്ടിവന്ന സൈബർ അറ്റാക്ക് കണ്ട് ഭയന്നാണ് വനിതകൾ മൗനം തുടർന്നത്.
ഇനിയും മൗനം തുടർന്നാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയനിരയിലെ പെൺകൊടികൾക്ക് നേരെ തിരിയുമെന്നും നീതു വിജയൻ്റെ എഫ് ബി പോസ്റ്റില്‍ പറയുന്നു.
രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും നീതി വിജയൻ പോസ്റ്റിൽ വ്യക്തമാക്കി.
