തിരുവനന്തപുരം: ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി അയ്യപ്പസംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.

കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. കുടിവെള്ളം,പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം,ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്.

ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുക.സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്.

ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയ്യാറുണ്ടോ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *