ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ഇനി നാളെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടും. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.
24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ഇന്ത്യ നേരിടും. ഇപ്പോള്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മത്സരം ദുബായില്‍ ആയതിനാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക.
ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തുടരുമെന്നതില്‍ സംശയമൊന്നുമില്ല. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സഞ്ജു സാംസണാണ് മൂന്നാം നമ്പറില്‍ കളിച്ചിരുന്നത്. സൂര്യകുമാര്‍ യാദവ് തന്റെ സ്ഥാനം വിട്ടു നല്‍കുകയായിരുന്നു.
