ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സിനിമാ പ്രവർത്തകർ ഉള്‍പ്പെടെ പങ്കെടുത്ത വമ്പന്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ സദസില്‍ നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, സംവിധായകരായ വെട്രിമാരന്, അമീർ എന്നിവർ പങ്കെടുത്തു.
കഫിയ അണിഞ്ഞാണ് ഇവർ വേദിയിലെത്തിയത്.മാർച്ചിനെ അഭിസംബോധന ചെയ്ത പ്രകാശ് രാജ് മഹ്മൂദ് ദർവീഷിന്റെ കവിത ആലപിച്ചു. ” യുദ്ധം അവസാനിക്കും. നേതാക്കൾ കൈകൊടുത്ത് പിരിയും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനുവേണ്ടി കാത്തിരിക്കും.
ഒരു പെൺകുട്ടി പ്രിയപ്പെട്ട ഭർത്താവിനുവേണ്ടി കാത്തിരിക്കും. കുഞ്ഞുങ്ങൾ അവരുടെ നായകനായ അച്ഛനുവേണ്ടി കാത്തിരിക്കും. ആരാണ് നമ്മുടെ നാട് വിറ്റതെന്നു എനിക്കറിയില്ല, എന്നാൽ ആരാണ് അതിനു വിലനൽകിയതെന്നു എനിക്കറിയാം” പ്രകാശ് രാജ് ദർവീഷിന്റെ പ്രശസ്തമായ വരികള്‍ ചൊല്ലി.
ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി. “പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല.
അമേരിക്കയും ഉത്തരവാദിയാണ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്” പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
