ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു.
ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
ബാറ്റിംഗിൽ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസൺ 45 പന്തിൽ 3 സിക്‌സും 3 ഫോറും അടക്കം 56 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ചുമായി. കൂടാതെ ഓപണർ അഭിഷേക് ശർമ്മ 38 റൺസും, തിലക്ക് വർമ്മ 29 റൺസും, അക്‌സർ പട്ടേൽ26 റൺസും നേടി.
ബോളിങ്ങിൽ ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, അർശ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യൻ നായക സൂര്യകുമാർ യാദവ് ബാറ്റിങ്ങിന് ഇറങ്ങാത്തത് ബാറ്റർമാരിൽ കൗതുകം സൃഷ്ടിച്ചിരുന്നു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്ത സൂര്യ അവസാന മത്സരത്തിൽ തന്റെ ബാറ്റിങ് പൊസിഷൻ സഞ്ജുവിന് നൽകുകയായിരുന്നു.
” ഈ ടൂർണമെന്റിൽ ഇത് വരെയായി ബാറ്റിംഗ് ലഭിക്കാത്തവർ ഉണ്ട്, അവർക്ക് അവസരം കിട്ടട്ടെ”, ഇതാണ് സൂര്യ പറഞ്ഞത്.
സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്കൊന്നും ആദ്യ രണ്ട് മത്സരത്തിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് അദ്ദേഹം ബാക്കിയുള്ളവർക്ക് അവസരം നൽകുകയായിരുന്നു.
