പാകിസ്താൻ അതിർത്തിയോട് ചേർന്ന ​ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിൽ ‌ആധിപത്യം സ്ഥാപിക്കാൻ മത്സരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാർ. കോടിക്കണക്കിന് ഡോളറാണ് ഈ മേഖലയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ മുടക്കുന്നത്.

ഇന്ത്യയുടെ പുതിയ ഊർജ്ജ മേഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാൻ ഓഫ് കച്ചിൽ വമ്പൻ പ്രഖ്യാപനവുമായി ആദ്യം എത്തിയത് അദാനി ​ഗ്രൂപ്പാണ്.

ലോകത്തെ ഏറ്റവും വലിയ ഹരിത ഊർജ്ജ പദ്ധതിയായി കണക്കാക്കുന്ന അദാനി ​ഗ്രൂപ്പിൻ്റെ ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് തന്നെയാണ് ഈ മേഖലയിലെ നിലവിലെ വമ്പന്മാർ.

ഏതാണ്ട് 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാരീസ് ന​ഗരത്തിൻ്റെ അഞ്ചിരട്ടി വലിപ്പമുണ്ട് ഈ പ്ലാൻ്റിനെന്നാണ് കണക്കാക്കപ്പെടുന്നത്.സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും 30 ജിഗാവാട്ട് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പാർക്ക് ലക്ഷ്യമിടുന്നത്.

2022ലാണ് ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് അദാനി ​ഗ്രീൻ എനർജി ലിമിറ്റഡ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി മാസത്തിൽ ദേശീയപവർ ​ഗ്രിഡിലേക്ക് ഇവിടെ നിന്നും ആദ്യമായി വൈദ്യുതി നൽകിയെന്നാണ് അദാനി ​ഗ്രൂപ്പ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്.

2029 ഓടെ പദ്ധതി 30 ജിഗാവാട്ടായി ഉയർത്താൻ കമ്പനി പദ്ധതിയിടുകയാണ്. ഇത് 50 ജിഗാവാട്ടായി വികസിപ്പിക്കാനുള്ള ചർച്ചകളും നടന്ന് വരുന്നതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *