ചണ്ഡിഗഢ്; ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 ഡികമ്മീഷൻ ചെയ്തു. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവിമാരും പങ്കെടുത്തു.

മിഗിന്റെ അവസാന യാത്രയുടെ ഭാഗമാകാൻ മിഗ് 21 ഏറ്റവും കൂടുതൽ സമയം പറത്തിയ റിട്ടയേഡ് സ്ക്വാഡ്രൺ ലീഡർ എസ് എസ് ത്യാഗി അടക്കമുള്ളവരും സന്നിഹിതരായിരുന്നു.ഇന്ത്യയെ സംബന്ധിച്ച് വൈകാരിക നിമിഷമായിരുന്നു ഇത്. മിഗ് 21 ബൈസൺ ശ്രേണിയിലുള്ള ശേഷിക്കുന്ന 36 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമല്ലാതായി.

മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനെ നയിക്കാൻ എയർചീഫ് മാർഷൽ എ പി സിംഗും ഉണ്ടായിരുന്നു. 23ആം സ്വകാഡ്രണിൽ നിന്നുള്ള ആറ് വിമാനങ്ങളാണ് മിഗ് 21നെ ചടങ്ങിൽ പ്രതിനിധീകരിച്ചത്. പിന്നീട് വാട്ടർ സല്യൂട്ടും നൽകി.

1963ലാണ് ഇന്ത്യ ആദ്യമായി മിഗ് 21 വാങ്ങുന്നത്. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ മിഗ് 21 ശ്രേണിയും ഇന്ത്യയുടേതായിരുന്നു. 1965, 1971 വർഷങ്ങളിലെ ഇന്ത്യ പാക് യുദ്ധത്തിലും 1999ലെ കാർഗിൽ യുദ്ധത്തിലും 2019ലെ ബാലാകോട്ട് ആക്രമണത്തിലും ഇന്ത്യയുടെ പോർമുഖത്തിന്റെ കുന്തമുനയായിരുന്നു മിഗ് 21 വിമാനങ്ങൾ.

എന്നാൽ 2019ൽ പാകിസ്താന്റെ എഫ് സിക്സിറ്റീൻ വിമാനം തകർത്തിട്ടതോടെ പ്രായാധിക്യത്തിലും തന്റെ കഴിവ് മിഗ് വീണ്ടും തെളിയിച്ചു.1990കളോടെ മിഗ് 21 അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചു. ഇതോടെ പറക്കുന്ന ശവപ്പെട്ടി എന്ന ദുഷ്പേരും സമ്പാദിച്ചു.

ഇതാണ് മിഗ് ഡികമ്മീഷൻ ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 2013ൽ ആദ്യ ഘട്ട മിഗ് വിമാനങ്ങൾ ഡികമ്മീഷൻ ചെയ്തിരുന്നു. ശേഷിക്കുന്ന വിമാനങ്ങളാണ് ഇന്ന് വ്യോമസേനയോട് വിടപറഞ്ഞത്. 2026 മാർച്ചോടെ തേജസ് മാര്‍ക്ക് 1 വിമാനങ്ങൾ മിഗിന് പകരമായി വ്യോമസേനയുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *