ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-ശ്രീലങ്ക അവസാന സൂപ്പർ ഫോർ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ കളി ജയിച്ചത് ഇന്ത്യയാണെങ്കിലും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയായിരുന്നു.
58 പന്തില്‍ 107 റണ്‍സെടുത്ത പാതും നിസങ്ക അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായതാണ് ശ്രീലങ്കയുടെ തോല്‍വിയില്‍ നിര്‍ണായകമായത്. സൂപ്പര്‍ ഓവറില്‍ പാതും നിസങ്ക ബാറ്റിംഗിനിറങ്ങിയതുമില്ല.മത്സരത്തില്‍ 31 പന്തില്‍ 61 റണ്‍സുമായി ഇന്ത്യക്കായി ടോപ് സ്കോററായത് കഴിഞ്ഞ മത്സരങ്ങളിലേതുപോലെ അഭിഷേക് ശര്‍മയായിരുന്നു.
എന്നാല്‍ മത്സരശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ നല്‍കാറുള്ള ഇംപാക്ട് പ്ലേയര്‍ പുരസ്കാരം സ്വന്തമാക്കിയതാകട്ടെ മലയാളി താരം സഞ്ജു സാംസണായിരുന്നു. ഇന്ത്യൻ പരിശീലകന് ഗൗതം ഗംഭീര്‍ ആണ് പ്ലേയര്‍ ഓഫ് ദ് മാച്ചിനെ തെരഞ്ഞെടുക്കാനായി ടീമിന്റെ ഫിസിയോ ആയ യോഗേഷ് പാര്‍മറെ ക്ഷണിച്ചത്.
യോഗേഷിന്റെ പ്രഖ്യാപനം. കൈയടികളോടെയാണ് താരങ്ങള്‍ സഞ്ജുവിനെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുത്തതിനെ വരവേറ്റത്. പുരസ്കാരം വലിയ നേട്ടമായി കാണുന്നുവെന്നും ടീമിന്റെ വിജയത്തിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും മെഡല്‍ കഴുത്തിലണിഞ്ഞശേഷം സഞ്ജു പറഞ്ഞു.