വർഷങ്ങളോളം താന്‍ അനുഭവിച്ച രോഗാവസ്ഥയെപ്പറ്റി വെളിപ്പെടുത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ‘ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലാണ് താനനുഭവിക്കുന്ന ട്രൈജെമിനൽ ന്യുറോൽജിയ എന്ന രോഗാവസ്ഥയെ കുറിച്ച് താരം സംസാരിച്ചത്.2007ല്‍ ‘പാർട്ണർ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് തനിക്ക് ഇത്തരത്തില്‍ ഒരു ആരോഗ്യപ്രശ്നമുണ്ടെന്ന് സല്‍മാന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

“സെറ്റില്‍ ലാറയുണ്ട്. അവർ എന്റെ മുഖത്ത് നിന്ന് ഒരു രോമം പിഴുതെടുത്തു. എനിക്ക് വേദിനിച്ചു,” താരം പറഞ്ഞു.

അന്ന് താന്‍ ആ വേദനയെ തമാശയായിട്ടാണ് കണ്ടതെന്നും എന്നാല്‍ പിന്നീട് സ്ഥിതി വഷളാകുകയായിരുന്നു എന്നും സല്‍മാന്‍ പറയുന്നു.ആദ്യം, ദന്തരോഗമാണെന്നാണ് സല്‍മാനും കുടുംബവും വിചാരിച്ചത്. എന്നാല്‍ പിന്നീട് അങ്ങോട്ട് വേദന അസഹനീയമാകുകയായിരുന്നു.

ദിവസവും 750 മില്ലിഗ്രാം വേദനസംഹാരികള്‍ കഴിക്കാറുണ്ടായിരുന്നു. ഒന്നോ രണ്ടോ ഡ്രിങ്ക്സ് കഴിക്കുമ്പോഴാണ് വേദന അല്‍പ്പമെങ്കിലും കുറഞ്ഞിരുന്നതെന്നും നടന്‍ പറഞ്ഞു.59 വയസുള്ള താരം എല്ലാ ദിവസവും കൊടിയ വേദനയിലൂടെയാണ് കടന്നുപോയിരുന്നത്.

“നമ്മള്‍ അതിനോട് പൊരുത്തപ്പെട്ട് ജീവിക്കണം. ബൈപാസ് സർജറികൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ അങ്ങനെ മറ്റ് പല രോഗങ്ങളുമായി ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. ട്രൈജമിനൽ ന്യൂറൽജിയ വന്നപ്പോള്‍ ശത്രുക്കള്‍ക്ക് പോലും ഈ വേദന ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി,” സല്‍മാന്‍ ഖാന്‍ പറഞ്ഞു.ഏഴര വർഷമാണ് ഈ രോഗവുമായി താരം കഴിച്ചുകൂട്ടിയത്.

ഓരോ നാലഞ്ചു മിനിറ്റിലും വേദന അനുഭവപ്പെടും. “സംസാരിക്കുമ്പോൾ പെട്ടെന്ന് വേദന വരുമായിരുന്നു. പ്രഭാതഭക്ഷണം കഴിക്കാൻ ഏകദേശം ഒന്നര മണിക്കൂർ എടുക്കുമായിരുന്നു.

പലപ്പോഴും അത്താഴം മാത്രമാക്കും. ചവയ്ക്കാന്‍ പറ്റില്ലെങ്കില്‍ കൂടി സ്വയം നിർബന്ധിച്ച്, വേദന സഹിച്ചാകും ഒരു ഓംലറ്റ് ഒക്കെ കഴിക്കുക,” സല്‍മാന്‍ കൂട്ടിച്ചേർത്തു.

എന്താണ് ട്രൈജമിനൽ ന്യൂറൽജിയ


ഹ്രസ്വ നേരത്തേക്ക് മുഖത്ത് പെട്ടെന്നുണ്ടാകുന്ന വൈദ്യുതാഘാത സമാനമായ കഠിന വേദനയ്ക്ക് കാരണമാകുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ട്രൈജമിനൽ ന്യൂറൽജിയ. മുഖത്ത് നിന്ന് തലച്ചോറിലേക്ക് സെൻസറി സിഗ്നലുകൾ അയയ്ക്കുന്ന ട്രൈജമിനൽ നാഡിയുടെ കംപ്രഷൻ മൂലമാണ് ഇത് സംഭവിക്കുന്നത്.

നേരിയ സ്പർശനം, പല്ല് തേയ്ക്കൽ, ഭക്ഷണം കഴിക്കൽ, നേരിയ കാറ്റ് എന്നിവ പോലും വേദനയ്ക്ക് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *