ഗസ: ഗസയിലേക്ക് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയിലെ അവശേഷിച്ച അവസാനത്തെ ബോട്ടായ മാരിനെറ്റ് ഇസ്രഈല്‍ സൈന്യം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അവസാനത്തെ ബോട്ടും പിടിച്ചെടുത്തത്. ആറ് യാത്രക്കാരാണ് മാരിനെറ്റ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് സൂചന.
പോളണ്ടിന്റ പതാകയേന്തിയ ഈ ചെറുബോട്ട് ഓടിച്ചിരുന്നത് ഓസ്ട്രേലിയന്‍ പൗരനായ കാമറൂണ്‍ എന്നയാളാണ് എന്നാണ് വിവരം.ഇസ്രഈല്‍ സേനയുടെ പിടിയിലായി. ഗസയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന 44 ചെറു ബോട്ടുകളുടെ കൂട്ടമായിരുന്നു ഫ്ളോട്ടില്ല.
ഒടുവില്‍ പിടിച്ചെടുത്ത ബോട്ട് എഞ്ചിന് തകരാറുകള്‍ കാരണം ഫ്ളോട്ടില്ല ഗ്രൂപ്പില്‍ നിന്നും ഏറെ അകലെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഗ്രൂപ്പിലെ മറ്റ് ബോട്ടുകളെ ഇസ്രഈല്‍ തടയുന്ന സമയത്ത് മാരിനെറ്റ് ഗസയിലേക്കുള്ള യാത്രയിലായിരുന്നു. ഫ്ളോട്ടില്ല സംഘാടകരുമായി സംസാരിക്കുന്നതിനിടെ മാരിനെറ്റ് ക്യാപ്റ്റന്‍ കാമറൂണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ലൈവായി പുറത്തുവിട്ട വീഡിയോ പ്രകാരം ആ സമയത്ത് ഗസയുടെ ജലാതിര്‍ത്തിയില്‍ നിന്നും 43 നോട്ടിക്കല്‍ മൈല്‍ അഥവാ ഏകദേശം 83 കിലോമീറ്റര്‍ അകലെയായിരുന്നു മാരിനെറ്റ് ബോട്ട്. ഉപരോധം ലംഘിച്ച് ജലാതിര്‍ത്തി കടന്നാല്‍ തടയാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം മാരിനെറ്റിന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇസ്രഈല്‍ പിടിച്ചെടുക്കാനും യാത്രക്കാരെ അനധികൃതമായി തടവിലിടാനും ആരംഭിച്ചത്. ഇതുവരെ 40 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ ആക്ടിവിസ്റ്റുകളെയാണ് ഇസ്രഈല്‍ സേന കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഇസ്രഈല്‍ സേന തടവിലാക്കിയ ഫ്ളോട്ടില്ലയിലെ യാത്രക്കാരില്‍ പലരും നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഗസയുടെ നേരെയുള്ള നിയമവിരുദ്ധമായ ഉപരോധം തകര്‍ക്കുന്നതിനുള്ള ദി ഇന്റര്‍നാഷണല്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ ഇസ്രഈലിന്റെ നീക്കത്തിനെതിരെ ലോകവ്യാപകമായി രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഫ്ളോട്ടില്ലയിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്കി.
ഫ്ളോട്ടില്ലയ്ക്ക് നേരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ രാജ്യവ്യാപകമായ പണിമുടക്ക് പുരോഗമിക്കുകയാണ്.