ജമ്മു കശ്മീർ: ലഡാക്കില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ജയിലിലടച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കി ഭാര്യ ഗീതാഞ്ജലി അങ്‌മോ. സോനം വാങ്ചുകിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്.ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്ത് ജോധ്പൂര്‍ ജയിലില്‍ അടച്ചിരിക്കുന്നത്. സമാധാന മാര്‍ഗത്തിലൂടെ ഗാന്ധിയന്‍ പ്രതിഷേധം നയിക്കുന്ന സോനം വാങ്ചുക് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ആണെന്നും ഗീതാഞ്ജലി കത്തിലെഴുതി.

സെപ്തംബര്‍ 26ന് ലേ ഇന്‍സ്‌പെക്ടര്‍ ആണ് തന്നോട് ഭര്‍ത്താവ് അറസ്റ്റിലായ വിവരം അറിയിക്കുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഇത് ഒരു അറസ്റ്റല്ലെന്നും എഫ്‌ഐആര്‍ ഇട്ടില്ലെന്നും തടവിലാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എഎസ്പി റിഷഭ് ശുക്ല മുമ്പ് തന്നോട് പറഞ്ഞിരുന്നതെന്നും അങ്മോ പ്രതികരിച്ചു.

ഹിമപാതം ഉരുകുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ പരിഷ്‌കരണത്തെ കുറിച്ചും സംസാരിക്കുന്നത് കുറ്റമാണോ എന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ അങ്‌മോ ചോദിക്കുന്നുണ്ട്. പിന്നാക്ക ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകളുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തുന്നത് തെറ്റാണോ?

കഴിഞ്ഞ നാല് വര്‍ഷമായി സാമാധാനത്തോടെ മാത്രം പ്രതിഷേധിക്കുന്നത് തെറ്റാണോ? ഇതൊക്കെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്നും അദ്ദേഹം ചോദിച്ചു.ഭര്‍ത്താവിന് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ? അറസ്റ്റിന്റെ കാരണവും അതിന്റെ നിയമപരമായ സാധ്യതകളെയും കുറിച്ച് അറിയാന്‍ കഴിയുമോ എന്നും അങ്‌മോ കത്തില്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *